Showing posts with label അഭിമുഖം. Show all posts
Showing posts with label അഭിമുഖം. Show all posts

പല്ലശ്ശനയുടെ വഴികളില്‍

Friday, October 16, 2009

പല്ലശ്ശനയുടെ വഴികളില്‍




പാലക്കാട്ടു നിന്നും മുംബൈ നെരുളിലേക്കു നീളുന്ന ജീവിതം. സന്തോഷ് പല്ലശ്ശന. യുവ കവി. മലയാളം ബ്ളോഗ്ഗര്‍. പല്ലശ്ശന വി..എം. ഹൈസ്കൂളില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പ്രൈവറ്റ് ആയി ബിരുദം.. ഇന്‍റര്‍ കണക്ടഡ് സ്റ്റോക്ക് എക്സ്സ്‌ ചേഞ്ച്‌ ഓഫ് ഇന്ഡ്യ ലിമിറ്റഡില്‍ അസിസ്റ്റന്‍റ്‌ മാനേജര്‍ ഭാര്യ ദിവ്യ സ്കൂള്‍ ടീച്ചര്‍. മുംബൈ നെരൂളില്‍ താമസിക്കുന്നു. മുംബൈ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിലുള്ള വി.ടി. ഗോപാലകൃഷ്ണന്‍ പുരസ്കാരം 2007-ല്‍ ലഭിച്ചു. “സന്തോഷ് പല്ലശ്ശന”, “തിരമൊഴികള്‍എന്നിവയാണു ബ്ളോഗ്ഗുകള്‍.



പല്ലശ്ശന എന്നത്?

ചുറ്റും പച്ച പുതച്ച കുന്നും മലകളും കൊണ്ട് ചുറ്റപ്പെട്ട ഒരു ഉള്‍നാടന്‍ പാലക്കാടന്‍ ഗ്രാമം. കണ്യാര്‍ കളിയുടെ തറവാട്‌, പേരെടുത്ത മേളക്കാരുടെ ജന്മ നാട്‌, അതിലൊക്കെയപ്പുറം മീന്‍കുളത്തി ഭഗവതിയുടെ സ്വന്തം ഊര്...



വ്യക്തി ജീവിതത്തിലേക്ക് എത്തിനോക്കുമ്പോള്‍?

ഒരു എത്തും പിടിയും കിട്ടുന്നില്ല എങ്ങിനെയൊക്കെയൊ ഇതുവരെയെത്തി. ഒരു വ്യക്തി അവനില്‍ നടത്തുന്ന ആന്തരികയാത്രകളും അവന്റെ ആത്മസംവാദങ്ങളുമാണ് ഒരു പരിധിവരെ അവനെ ധിഷണാ ശാലിയാക്കുന്നത്. പക്ഷെ എന്‍റേ ജീവിതത്തിന്റെ നല്ലൊരു ഭാഗം ഞാന്‍ വില കുറഞ്ഞ ദിവാ സ്വപ്നങ്ങള്‍ കണ്ടു തീര്‍ത്തു. വ്യക്തി ജീവിതത്തിലെ ആഴക്കുറവും അപക്വതയും ധിഷണാശാലിയായ ഒരു വായനക്കാരന് എന്‍റെ വരികളില്‍ നിന്ന് എളുപ്പം വായിച്ചെടുക്കാനാവും. എല്ലാം സത്യത്തില്‍ ഒരു ജാഢയാണ്.... ബിംബങ്ങള്‍ പൊളിച്ചടുക്കി പൊളിച്ചടുക്കി ഞാനെത്രകാലം ഇങ്ങിനെ "കവി" ചമയും…...!! അറിയില്ല. പ്രിയപ്പെട്ട വായനക്കാരാ... പൊറുക്കരുത് ഈ പാപിയോട്.



മുംബൈ ജീവിതത്തെക്കുറിച്ച്?

മുംബൈ ആര്‍ക്കും പിടികൊടുക്കാത്ത ഒരു അജ്ഞാത സ്ത്രീയാണ്...ചുരന്ന മുലപ്പാലും വിടന്‍മാരുടെ രേതസ്സും കുഴഞ്ഞു മറിഞ്ഞ ഈ തെരുവുകള്‍ എന്‍റെ നോട്ടത്തെ മലര്‍ത്തിയടിക്കുന്ന കാഴ്ച്ചകളുടെ വന്‍തിരകളാണ്‌. ഇവിടുത്തെ പ്രശസ്ത യുവകവി ശ്രീ ടി. കെ. മുരളീധരന്റെ വാക്ക് കടമെടുത്താല്‍ ഒരു "പുകവീട്"....ഊതിയൂതി കറുത്തുപോയി ജീവിതം. തമ്പാക്കു തിന്നുതുപ്പി ചുവന്നു പോയ ഇരുതലപാമ്പുകളില് (മെട്രോ ട്രെയിന്) ജീവിതം ഷട്ടിലടിച്ചുകൊണ്ടിരിക്കുന്നു..... ചര്ച്ച് ഗേറ്റ് ടൂ.. വീരാര്...



കവിതകളിലേക്കുള്ള കാല്‌വെയ്പ്പ്‌?

വല്ലാത്ത ഒരു ചോദ്യമാണിത്. ചുരുക്കി പറഞ്ഞാല് "അറിയില്ല". ആരുടെയൊക്കെയൊ സ്വാധീനതില്‍ ശുദ്ധ അനുകരണങ്ങള്‍ ഒത്തിരിയെഴുതി. മടുത്തപ്പോള്‍ ഒരിക്കല് എഴുത്തു നിര്ത്തിയതാണ് പിന്നെ വീണ്ടും എന്നില്‍ കവിത കൊണ്ടു വന്നത് ഈ മുംബയ് ജീവിതത്തിന്റെ ഭ്രാന്തന് വേഗങ്ങളാണ് എന്നു പറഞ്ഞാല് ആരും വിശ്വസിക്കില്ല. മുംബൈ ജീവിതത്തില് ഞാന് സന്ധിക്കുന്ന എന്റെ ധൈഷണിക സങ്കീര്ണ്ണതകളെ അതിലംഘിക്കാനായിമാത്രം എഴുതുന്നു.. വായിക്കുന്നു



ബൂലോകത്തെത്താന്‍ കാരണം?

അങ്ങിനെ പ്രത്യേകിച്ച് കാരണമൊന്നുമില്ല. ബ്ളോഗ്ഗെഴുത്തു തുടങ്ങുന്നതിനു മുന്പുതന്നെ ഞാന് ഒരു വായനക്കാരനായി ബൂലോകത്ത് തന്നെയുണ്ടായിരുന്നു. മലയാളം ബ്ളോഗ്ഗിങ്ങിന്റെ "ഗുട്ടന്സ്" ചില നല്ല സുഹൃത്തുക്കളുടെ സഹായത്തോടെ മനസ്സിലാക്കിയതോടെ സജീവമായ ബ്ളോഗ്ഗിങ്ങിലേക്ക് വന്നു.



2009 ലാണു ബ്ലോഗില്‍ വരുന്നത്. വൈകിയെത്തിയെന്ന തോന്നലുണ്ടോ?

ഒട്ടും ഇല്ല.



വളരെപ്പെട്ടെന്നു ശ്രദ്ധിക്കപ്പെട്ട ബ്ലോഗര്‍. പ്രവാസ ചന്ദ്രികയിലും പല്ലശ്ശനയെക്കുറിച്ച് വായിച്ചിരുന്നു. അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്നു തോന്നിയിട്ടുണ്ടോ?

ഞാന് വളരെ ശ്രദ്ധിക്കപ്പെട്ടു എന്നു എനിക്കിതുവരെ തോന്നിയിട്ടില്ല. എന്നെക്കാള് നല്ല കവിതകള് എഴുതുകയും പരക്കെ ചര്ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന എത്രയോ നല്ല എഴുത്തുകാര് ഇന്ന് ബ്ളോഗ്ഗു രംഗത്ത് സജീവമായി ഉണ്ട്. പിന്നെ പ്രവാസ ചന്ദ്രികയില് എന്റെ കവിതയുടെ ഒരു റിവ്യൂ വന്നിരുന്നു അതിന്റെ സൂത്രധാരന് ശ്രീ ടി. എ. ശശിയേട്ടനാണ് (എരകപ്പുല്ല്) ആ നല്ല മനുഷ്യനാണ് എന്നെ പ്രവാസ ചന്ദ്രികയുടെ പ്രവര്ത്തകര്ക്ക് പരിചയപ്പെടുത്തിയത്. അല്ലാതെ എന്റെ കവിതയുടെ മഹത്വം കൊണ്ടല്ല അവര് റിവ്യു പ്രസിദ്ധീകരിച്ചത്. അംഗീകരിക്കപ്പെട്ടൊ ഇല്ലയൊ എന്നതിനെക്കുറിച്ച് ഞാന് ചിന്തിക്കാറില്ല. എഴുത്തില് മത്രമാണ് എന്റെ ശ്രദ്ധ. കാരണം എഴുതാതിരിക്കാനാവുന്നില്ല അതുകൊണ്ടുമാത്രമാണ് എഴുതുന്നത് ആരംഗീകരിച്ചാലും ഇല്ലെങ്കിലും എനിക്ക് ഈ എഴുത്തു നിര്ത്താനാവില്ല. പക്ഷെ എനിക്ക് മുംബയില് അര്ഹിക്കുന്നതില് കൂടുതല് അംഗീകാരം കിട്ടിയിട്ടുണ്ട് എന്നു തോന്നുന്നു. 2007-ല് മുബൈ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിലുള്ള ഒന്പതാമത് വി. ടി. ഗോപാലകൃഷ്ണന് പുരസ്കാരം സാഹിത്യവേദിയില് അവതരിപ്പിക്കപ്പെട്ട കവിതകള്ക്ക് ലഭിച്ചിരിന്നു. എന്നെപ്പോലുള്ള അപക്വമതിയായ ഒരു യുവകവിക്ക് കിട്ടരുതാത്ത ഒരു അംഗീകാരമായിരുന്നു അത്. ആവാര്ഡല്ലെ..തന്നപ്പൊ വാങ്ങിച്ചു അത്രതന്നെ. പ്രശസ്ത നിരൂപകനും ഭാഭാ ആറ്റോമിക് റിസേര്ച്ച് സെന്ററിലെ ശാസ്ത്രജ്ഞനുമായിരുന്ന ശ്രീ വി. ടി. ഗോപാലകൃഷ്ണന്റെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ കുടുംബാഗങ്ങള് നല്കിവരുന്നതാണ് ഈ പുരസ്കാരം.



ശോകവും വിമര്‍ശനവും കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നു?

ഞാന് വര്ഷത്തില് വളരെ കുറച്ചു കവിതകളെ എഴുതാറുള്ളു അതുകൊണ്ടുതന്നെ ഞാന് ബ്ളോഗ്ഗെഴുത്തിന് അനുയോജ്യനല്ല കാരണം നിശ്ചിതമായ ഇടവേളകളില് കവിതകള് പോസ്റ്റു ചെയ്യാന് എനിക്കു സാധിക്കാറില്ല. കുറച്ചുമാത്രം എഴുതുന്നതു കൊണ്ടാവാം എന്റെ കവിതകളില് ചോദ്യത്തില് പരാമര്ശിച്ചപോലെ ഒരു സ്ഥായിഭാവമുള്ളതായി തോന്നുന്നില്ല. എന്നാല് സാമുഹ്യ വിമര്ശനം ഒരു പൊതു സ്വഭാവമായി കൂടുതല് കവിതകളിലും കാണപ്പെടുന്നതായി പലരും പറഞ്ഞിട്ടുണ്ട്.



ദൈവമക്കള്‍- എനിക്ക് തോന്നുന്നത് നിങ്ങളുടെ ഏറ്റവും മികച്ച കവിത എന്നാണു. അതിനെക്കുറിച്ച്?

ദൈവമക്കള് ഏറെ ചര്ച്ച ചെയ്യപ്പെട്ട ഒരു കവിതയാണ് എങ്കിലും എന്റെ മറ്റു കവിതകള്ക്കുള്ള പരാധീനതകള്‍ ആ കവിതയ്ക്കും ഉണ്ട്. ശ്രീ ടി. പി. വിനോദ് (ലാപുട) ആ വരികളില് ഞാന് അശ്രദ്ധമായി പ്രയോഗിച്ച വാക്കുകള് വരുത്തിയ അനാവശ്യ സ്ഥൂലതയെക്കുറിച്ച്‌ വസ്തു നിഷ്ഠമായ വിമര്ശനം എന്നെ അറിയിച്ചിരുന്നു. വളരെ വലിയ ഒരു അംഗീകാരമായാണ് ഞാനതിനെ കാണുന്നത്. ഈ തുറന്ന വിമര്ശനങ്ങളും സൌഹൃദങ്ങളുമാണ് ഒരു കവിമനസ്സിനെ നല്ല കവിതകള്ക്കായി ജാഗ്രത്താക്കുന്നത്.



തിരമൊഴികള്‍?

പുതിയ പുസ്തകങ്ങള് വായിക്കുകയും വായിച്ച പുസ്തകങ്ങളെക്കുറിച്ച് എന്തെങ്കിലും എഴുതുകയും ചെയ്യുന്നത് എന്റെ ഒരു ശീലമായിരുന്നു. ഇത്തരത്തില് ഞാനെഴുതുന്ന കുറിപ്പുകള്ക്കായാണ് "തിരമൊഴികള്" എന്ന ബ്ളോഗ്ഗ് തുടങ്ങിയത് പക്ഷെ സമയക്കുറവുകൊണ്ട് പലപ്പോഴായി എഴുതിയ ചെറു കുറിപ്പുകളല്ലാതെ കൂടുതലായൊന്നും പോസ്റ്റിയിട്ടില്ല. സമാന്യം നീളമുള്ള മാറ്ററുകള് ടൈപ്പുചെയ്തെടുക്കാനുള്ള മടിയാണ് പ്രധാന കാരണം. "തിരമൊഴികളില്‍" കൂടുതല്‍ സജീവമാകാന്‍ ആഗ്രഹമുണ്ട്‌.



രാഷ്‌ട്രീയ നിലപാടുകള്‍?

ഞാന് ഒരു അരാഷ്‌ട്രീയ വാദിയല്ല. എനിക്ക് വ്യക്തമായ ഒരു രാഷ്‌ട്രീയമുണ്ട്‌. ചൂഷണം ചെയ്യപ്പെടുന്നവന്റെ - വിശപ്പിന്റെ ഒരു രാഷ്‌ട്രീയമുണ്ടല്ലൊ; പ്രത്യേയ ശാസ്ത്രങ്ങള്ക്കതീതമായ ഒരെഴുത്തുകാരന്റെ രാഷ്‌ട്രീയം; അതു തന്നെയാണ് എന്റേയും രാഷ്‌ട്രീയം.



പ്രിയപ്പെട്ടബ്ലോഗെഴുത്തുകാരെക്കുറിച്ച്?

ഒരുപാടുപേരുണ്ട്....ഒന്നൊരണ്ടോ പേരുകളില് ഒതുക്കാനാവുന്നതല്ല അത്.



പ്രിന്റ് മീഡിയയില്‍ സജീവമാകുമോ?

നീണ്ട ഇടവേളകളില് ചില മുഖ്യധാരാ മാധ്യമങ്ങളില് ചില സൃഷ്ടികള് വന്നിട്ടുണ്ടെന്നല്ലാതെ പ്രിന്റ് മീഡിയയില് ഞാന് ഒരിക്കലും സജീവമായിരുന്നില്ല. പണ്ട് മാതൃഭൂമിയിലേക്ക് അയച്ച കവിതകള് അയച്ചതിന്റെ ഡബിള് സ്പീഡില് തിരിച്ചെത്തിയിരുന്നു. അന്ന് കേരളത്തില് തുഛ്ച്ചവരുമാനത്തിന് ജോലി ചെയ്തിരുന്ന എനിക്ക് മടക്കതപാലടക്കം പത്തു രൂപ വലിയ സാമ്പത്തിക ബാധ്യതയായിരുന്നു. അയച്ചു മടുത്തപ്പോള് ആ പരിപാടി നിര്ത്തി. ഇപ്പോള് അധികം എവിടേക്കും അയക്കാറില്ല. കലാകൌമുദി പോലുള്ള മുഖ്യധാര പ്രസിദ്ധീകരണങ്ങളിലും വര്ഷന്തോറും പ്രസിദ്ധീകരിക്കുന്ന മുബൈ കവിതാസമിതിയുടെ "നഗരകവിത" സമാഹാരത്തിലും, പല മുബൈ പ്രസിദ്ധീകരണങ്ങളിലും കവിതകള് പ്രസിദ്ധീകരിച്ചു വന്നതൊഴിച്ചാല് പ്രിന്റ് മാധ്യമങ്ങള്ക്ക് ഞാന് അനഭിമതനാണ്. കവിത കൊള്ളാത്തതാവാം കാരണം.


ബൂലോക സൌഹൃദങ്ങള്‍?

ഒരുപാടൊരുപാട് സൌഹൃദങ്ങള് ബൂലോകത്തു വന്നതിനുശേഷം എനിക്കുണ്ടായി. പലരും പേരുമാറ്റി ചാറ്റുന്നവന്റെ നേരമ്പോക്കുകള് കളഞ്ഞ് ഊഷ്മളമായ സ്നേഹബന്ധങ്ങളിലേക്ക് വളര്ന്നു വന്നു.



ബൂലോകത്തെ രചനകളെ എങ്ങിനെ വിലയിരുത്തുന്നു?

മലയാള സാഹിത്യ ലോകത്തിന് ഇനിയും സ്വന്തപ്പെട്ടിട്ടില്ലാത്ത എഴുത്താണ് മലയാളം ബ്ളോഗ്ഗെഴുത്ത് എന്നെനിക്കു തോന്നുന്നു. ഭാഷയുടെ സുഗന്ധം ചുരത്തുന്ന എഴുത്തായി മലയാളം ബ്ളോഗ്ഗെഴുത്ത് മാറേണ്ടതുണ്ട്. പുതിയ കാലത്തിലെ അതി നൂതനമായ ഒരു മാധ്യമം എന്ന നിലക്ക് വേഗതയേറിയ ഈ പുതു ജീവിതത്തിന്റെ എല്ലാ ന്യൂനതയും ബ്ളോഗ്ഗിനുമുണ്ട്. വളരെ ചുരുക്കം ചിലര് മാത്രമെ ബ്ളോഗ്ഗെഴുത്തിനെ ഗൌരവമായി സമീപിക്കുന്നുള്ളു. അതില് ചുരുക്കം പേര് മാത്രമെ ശ്രദ്ധിക്കപ്പെടുന്നുള്ളു. പലര്ക്കും അനാവശ്യ വിവാദങ്ങളിലും വിലകുറഞ്ഞ അപവാദ പ്രചരണങ്ങളിലും മാത്രമാണ് ശ്രദ്ധ. ഊരും പേരുമില്ലാതെ ലോകത്തിന്റെ ഏതോ ഒരു കോണിലിരുന്ന് ബ്ളോഗ്ഗുന്നവരില് ചിലര്ക്ക് തന്റെ ആത്മാവിന്റെ ഉള്വിളികളുടെ ആര്ദ്രസ്വരങ്ങള് നിക്ഷേപിക്കാനും ആശ്വസിക്കാനുമുള്ള ഒരിടമാണ്. മറ്റു ചിലര്ക്ക് അത് ആരും കാണാതെ ചുമരിലെ പായലില് വരച്ചു വയ്ക്കുന്ന കക്കൂസ് ചുമര് സാഹിത്യമാണ്..... ഈ ദ്വന്ദ്വങ്ങള് ഏതു മേഖലയിലും കാണാനാവും. മലയാള സാഹീതീയ ജീവിതത്തിന്റെ താങ്ങും തണലുമായി ആത്മാവില് കവിതമുറ്റിയ ഞാനടക്കമുള്ള എന്റെ സഹോദരങ്ങള്ക്ക് ഒരഭയസ്ഥാനമായി... ആത്മാവിന്റെ തുറന്ന പുസ്തകമായി ബ്ളോഗ്ഗിനെ മാറ്റിയെടുക്കേണ്ടതുണ്ട്.



ബൂലോകത്തോട് എന്താണു പറയുവാനുള്ളത്?

ബ്ളോഗ്ഗിന് പ്രിന്റു മാധ്യമങ്ങളെ പോലെ സ്വന്തമായി ഒരു വായനാ സമൂഹം ഇല്ല. ബ്ളോഗ്ഗ്‌ എഴുതുന്നവര്‍ തന്നെയാണ്‌ വായനക്കാരും - പരസ്പരം വിമര്ശിച്ചും അഭിനന്ദിച്ചും നമ്മള് മുന്നോട്ടു പോകുന്നു. എഴുത്തിലും വായനയിലും മാത്രമായിരിക്കട്ടെ നമ്മുടെ ശ്രദ്ധ പുതിയ എഴുത്തുകാര് അനാവശ്യ വിവാദങ്ങളുടെ തോറ്റം പാടാതിരിക്കുക. സൌഹൃദങ്ങള് ഊട്ടിയുറപ്പിക്കുക. പരസ്പരം ചെളിവാരിയെറിയുന്ന കേരളത്തിലെ സാസ്കാരിക നായകന്മാര്ക്ക്മുന്‍പില്‍ കറയറ്റ ഒരു ബ്ളോഗ്ഗ് സംസ്കാരം മാതൃകയായി വയ്ക്കാന് നമ്മുക്കാവണം. ഒരൊ വായനക്കാരന്റെയും ധിഷണാജീവിതം നിലനിര്ത്തുന്നതിനുള്ള മുലപ്പാലായി ബ്ളോഗ്ഗിലെ രചനകള് വര്ത്തിക്കണം.


www.santhoshpallassana.blogspot.com
www.thiramozhikal.blogspot.com

------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

-അഭിമുഖം നടത്തിയത്, അരുണ്‍ ചുള്ളിക്കല്‍.




Read more...

പുകയാത്ത കൊള്ളി...

Thursday, October 1, 2009

വിശേഷണങ്ങളും പരിചയപ്പെടുത്തലുകളും വേണ്ടാതെ ബൂലോകത്തില്‍ സാന്നിധ്യമുള്ള കാപ്പിലാന്‍റെ ബ്ലോഗ് സപര്യയിലൂടെ കുറച്ച് നിമിഷങ്ങള്‍. കഥയും കവിതയും ഹാസ്യവും രോഷവും പോരാട്ടങ്ങളും നിറയുന്ന സൃഷ്ടികള്‍ക്കിടയില്‍ കാപ്പിലാനെ തേടി...

കൊള്ളികള്‍




# ബൂലോകത്തിനു ചിരപരിചിതനാണല്ലോ കാപ്പിലാന്‍. എങ്ങനെ മലയാള ബ്ലോഗിലെത്തി,അഥവാ ബ്ലോഗെങ്ങെനെ കാപ്പിലാനിലെത്തി?

ബ്ലോഗ്‌ എന്നിലേക്ക്‌ എത്തുകയായിരുന്നു എന്ന് വേണം പറയുവാന്‍ .ഒന്നര വര്‍ഷം മുന്‍പ്‌ കുവൈറ്റില്‍ ഉള്ള എന്‍റെ ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടയില്‍ കമ്പ്യൂട്ടറില്‍ മലയാളത്തില്‍ ട്യപാം എന്ന് പറയുകയും ബ്ലോഗ്‌ എന്നൊരു സംഭവം ഉണ്ട് എന്ന് പറയുകയും ചെയ്തു. എന്നാല്‍ ഈ സുഹൃത്ത് ഒരു ബ്ലോഗര്‍ അല്ല .കൂടാതെ ആദ്യമായി അമേരിക്കയില്‍ വന്നപ്പോള്‍ എന്‍റെ അനിയന്‍ പണ്ടെങ്ങോ ഞാന്‍ കാപ്പില്‍ ഉണ്ടായിരുന്ന സമയത്ത് അവിടുത്തെ പള്ളിയില്‍ പ്രസിദ്ധികരിച്ച ഒരു മാസികയില്‍ എന്‍റെ കവിത കാണിച്ചു തന്നു . ഞാന്‍ എന്‍റെ അപ്പച്ചനെക്കുറിച്ച് എഴുതിയ കവിതയായിരുന്നു . അപ്പച്ചന്‍ മരിച്ച ആ സമയം ആയതുകൊണ്ടാണ്‌ അതിനെക്കുറിച്ച് പെട്ടന്ന് ഓര്‍ത്തത്‌ . എന്നാല്‍ ഒരു ഗവിത എഴുതാം എന്ന് കരുതി ആദ്യമായി ഇപ്പോള്‍ ആശ്രമം നില്‍ക്കുന്ന ബ്ലോഗില്‍ " പിഴച്ചവര്‍ " എന്ന ഗവിത എഴുതി .അതില്‍ മനു " ഇത് സത്യമാണ് മാഷേ " എന്നൊരു കമെന്റ് ഇട്ടു. അപ്പോഴാണ്‌ മനസിലായത് . ഇതൊക്കെ ആരൊക്കെയോ വായിക്കുന്നുണ്ടല്ലോ എന്നത് .പിന്നീട് പതുക്കെ എന്നെ ബ്ലോഗിലേക്ക് ആവാഹിക്കുകയായിരു്നു . ഇപ്പോള്‍ ഇതൊരു വലിയ കുരിശായി മാറിയല്ലോ എന്നൊരു തോന്നലും ഇല്ലാതെയില്ല .

# നിത്യേന വിവിധ ബ്ലോഗുകളിലായി വൈവിധ്യമാര്‍ന്ന പോസ്റ്റുകള്‍ ഇടാന്‍ എങ്ങനെ സാധിക്കുന്നു?

ഒരു ഗവിത എഴുതാന്‍ പത്ത് മിനിറ്റ്‌ , മറ്റ് പോസ്റ്റുകള്‍ കൂടിയാല്‍ പതിനഞ്ചോ ഇരുപതോ മിനിട്ട് മാത്രം . കൂടുതല്‍ ചിന്തിച്ചിട്ടും ഒന്നും ഞാന്‍ ഇതുവരെ പോസ്റ്റുകള്‍ എഴുതിയിട്ടില്ല എന്നതാണ് എന്റ ഓര്‍മ്മ . അത് ഗവിതയാണോ , ലേഖനമാണോ എന്നൊക്കെ വായനക്കാര്‍ അല്ലേ പറയുന്നത് . അപ്പോള്‍ തോന്നുന്നത് എഴുതുക അത്രമാത്രം .

# മലയാള ബ്ലോഗിന്‍റെ പുഷ്ക്കല കാലത്ത് തോന്ന്യാശ്രമം എന്ന ഗ്രൂപ്പ് ബ്ലോഗ് സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്താണ് തോന്ന്യാശ്രമത്തിന്‍റെ ചരിത്രം എന്ന് ചുരുക്കിപ്പറയാമോ?

ഇപ്പോഴും ആശ്രമത്തിനു കുഴപ്പം ഒന്നും സംഭവിച്ചിട്ടില്ല . ഫൂമി ഉരുണ്ടതല്ലേ .അപ്പോള്‍ ഒരു കറക്കം ആവശ്യമാണ്‌ . ചിലയിടത്ത് പകല്‍ ആകുമ്പോള്‍ മറ്റ് സ്ഥലത്ത് ഇരുട്ട് . ആശ്രമ ചരിത്രം ഞാന്‍ കോളേജില്‍ എഴുതിയിട്ടുണ്ട് . മാത്രമല്ല പഴങ്കഥകള്‍ പറഞ്ഞു എന്തിന് സമയം കളയുന്നു ?

# കാപ്പിലാന്‍=വിവാദം എന്നാണ് അടുത്തയിടെ കണ്ടുവരുന്ന ഒന്ന്. വിവാദങ്ങള്‍ ഇങ്ങോട്ട് തേടിയെത്തുകയാണോ, അതോ എന്തിനോടും ചാടിക്കയറി പ്രതികരിക്കുന്നതുകൊണ്ട് വിവാദങ്ങള്‍ ഉത്ഭവിക്കുകയാണോ?
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്നൊരു ചൊല്ലില്ലേ ? ഞാന്‍ ഇപ്പോള്‍ എന്ത് പറഞ്ഞാലും തിരിച്ചടിക്കുവാന്‍ വേണ്ടി ഒരു കൊട്ടേഷന്‍ ടീം തന്നെ ഇറങ്ങിയിട്ടുണ്ട് .അപ്പോള്‍ പതുക്കെ ഞാനീ വിവാദങ്ങള്‍ക്ക് അവധി കൊടുക്കാം എന്നാണ് കരുതുന്നത് . എന്നാലും മൊട കണ്ടാല്‍ കാപ്പില്‍ ഇടപെടും .

# വിവാദങ്ങള്‍ കൊണ്ട് പൊതുവെ ബ്ലോഗിന് ഗുണപരമായി എന്തു ലഭിക്കുന്നു ?

ആശയങ്ങളും ആശയ സംഘര്‍ഷങ്ങളും ബ്ലോഗില്‍ വേണം എന്ന അഭിപ്രായമാണ് എന്റെത്‌ .വിവാദങ്ങള്‍ , ആശയ സംഘര്‍ഷങ്ങള്‍ എന്നിവ ഇല്ലെങ്കില്‍ ‍ ബ്ലോഗുകള്‍ എന്തിന് ? എന്ന് ഞാന്‍ തിരിച്ചൊരു ചോദ്യം ചോദിച്ചാല്‍ എന്ത് മറുപടി പറയും .എന്നാല്‍ ഇപ്പോള്‍ ആരെങ്കിലും എന്തെങ്കിലും കാര്യത്തില്‍ എതിരഭിപ്രായങ്ങള്‍ പറഞ്ഞാല്‍ അവരെ കൂട്ടത്തോടെ ആക്രമിക്കുക എന്നതാണ് ബ്ലോഗിലെ രീതി . കഴിഞ്ഞ രണ്ട് മൂന്നു ദിവസങ്ങളായി എന്‍റെ അപരനെയും ഞാന്‍ ബ്ലോഗില്‍ കാണുന്നു .അതുകൊണ്ട് തന്നെ ഇപ്പോള്‍ ഞാന്‍ എവിടെയെങ്കിലും കമെന്റുകള്‍ ഇടുന്ന ജ്വോലിയും നിര്‍ത്തിയിരിക്കുകയാണ് . എന്‍റെ കമെന്റുകള്‍ ഇടുവാന്‍ കോട്ടെഷന് ടീം ഉള്ളപ്പോള്‍ എനിക്കതിന്റെ ആവശ്യം ഇല്ലല്ലോ .‍

# കലഹിച്ചു കൊണ്ട് സ്നേഹിക്കുക എന്ന വിചിത്രമായ ബ്ലോഗ് സമീപനം കാപ്പിലാന്‍റെ പോസ്റ്റുകളില്‍ സ്ഫുരിക്കുന്നതു പോലെ തോന്നിയിട്ടുണ്ട്. ശരിയാണോ?

ഇപ്പോള്‍ ശണ്ട കൂടുന്ന എല്ലാവര്‍ക്കും അറിയാം എന്‍റെ സ്വഭാവം . ബഹളം നടക്കുന്ന സമയത്തും അതിന് ശേഷവും പലരെയും ഞാന്‍ ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ എല്ലാം പറഞ്ഞതാണ് . എന്നാല്‍ ഇതിനിടയില്‍ നിന്ന് കൊണ്ട് ചിലര്‍ മുതലെടുക്കുന്നു . മുട്ടനാടുകളെ തമ്മില്‍ ഇടിപ്പിക്കുന്ന ചെന്നായ്‌ക്കല്‍ പോലുള്ള ചിലര്‍ . കാലം അവര്‍ക്ക് തിരിച്ചറിവുകള്‍ കൊടുക്കട്ടെ എന്ന് മാത്രം പറയുന്നു .

# ബ്ലോഗിന്‍റെ കൂട്ടായ്മാ സാധ്യതയേയും നര്‍മ്മത്തിന്‍റെ സാമൂഹ്യപരതയെയും ഇത്രയും അടുത്തറിയാവുന്ന കാപ്പിലാന്‍ തിരികെ ചൂണ്ടുന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നില്ല എന്നുണ്ടോ?
ബ്ലോഗിലെ വിമര്‍ശനങ്ങള്‍ , അപവാദങ്ങള്‍ ഇവകള്‍ എന്നെ ബാധിക്കില്ല കാരണം എന്നെ എനിക്കറിയാവുന്ന കാലത്തോളം എനിക്കൊന്നും സംഭവിക്കില്ല .ഇവര്‍ക്കെന്നെ മനസിലാകാതെ പോയോ അതോ ഇവരെ ഞാന്‍ മനസിലാക്കാന്‍ താമസിച്ചുവോ ? എന്തായാലും എല്ലാം നല്ലതിന് എന്നതാണ് എന്‍റെ അഭിപ്രായം .


# കാപ്പിലാന്‍റെ ഹാസ്യാത്മകത അല്ലെങ്കില്‍ 'കാപ്പിലാനിസം' ശരിയായി മനസിലാക്കപ്പെടാതെ പോവുന്നതായി തോന്നിയിട്ടുണ്ടോ?

കാലം മുന്നോട്ടല്ലേ ഓടുന്നത് . ഒരു പക്ഷേ കാലത്തിനൊത്ത് സഞ്ചരിക്കാന്‍ കഴിയാതെ പോയത് എന്‍റെ തെറ്റാകാം .കാപ്പിലാനിസം എന്നൊരു ഇസം ഉണ്ടോ ? അതോ ഉണ്ടായിരുന്നോ ? അതൊക്കെ ഓരോരോ തോന്നലുകലല്ലേ

# കവിതകളെപ്പറ്റി - ഗവിത എന്നൊക്കെയുള്ള സംജ്ഞകള്‍ സ്ഥിരം ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതു തന്നെ കാപ്പിലാന്‍റെ 'കൊള്ളികളി'ല്‍ ആണ്. കവിതയായി പരിഗണിക്കപ്പെടുന്നവയ്ക്കും, പൊതുവെ കവിതയായി ഭൂരിപക്ഷം ആളുകളും അംഗീകരിക്കാത്ത സൃഷ്ടികള്‍ക്കുമിടയില്‍ സ്വന്തം വഴി രൂപപ്പെടുകയായിരുന്നോ?

ഞാന്‍ എഴുതുന്നത്‌ കവിതയായി ഞാന്‍ തന്നെ ഒരിക്കലും അംഗീകരിച്ചിട്ടില്ല . പിന്നെ മറ്റുള്ളവരെക്കൊണ്ട് എങ്ങനെ സമ്മതിപ്പിക്കും . മറ്റുള്ളവരുടെ കവിതയെ എന്‍റെ കവിതയുമായി വേര്‍തിരിക്കുവാന്‍ ഞാന്‍ കണ്ടെത്തിയ ഒരു മാര്‍ഗം എന്ന് വേണമെങ്കില്‍ ആ സംജ്ഞകളെ വിശേഷിപ്പിക്കാം . ഒരു കവിതയ്ക്ക് വേണ്ടുന്ന യാതൊരു ചേരുവകളും എന്‍റെ ഗവിതകളില്‍ കാണില്ല .


# കാപ്പിലാന്‍റെ കവിതകള്‍ ചിലപ്പോള്‍ രൂക്ഷമായ പുറംതിരിയലായി തോന്നാറുണ്ട്. പ്രതികരണം അടക്കിവെയ്ക്കാനാവാതെയാണോ ചില കവിതകള്‍ പൊട്ടിപ്പുറപ്പെടുന്നത്?

ഇവിടെ ഒരു ഗവിയും വായനക്കാരനുമായുള്ള ബന്ധമാണ് . ഞാന്‍ ഗവിത എഴുതാന്‍ ചിലവാക്കുന്ന സമയം മുകളില്‍ പറഞ്ഞിരുന്നുവല്ലോ . അത് പുറം തിരിയലാണോ ? നേര്‍ക്കാഴ്ചയാണോ എന്നത് തീരുമാനിക്കുന്നത് വായനക്കാരന്‍ ആണ് .എന്‍റെ മനസ്സില്‍ വരുന്നതാണ് എന്‍റെ ഗവിത . ഗവിതകള്‍ക്ക് വേണ്ടി വിഷയം തിരഞ്ഞു നടക്കാറില്ല . ഇത് ചിലപ്പോള്‍ എന്‍റെ അപാകതയാകും . സമ്മതിക്കുന്നു .


# കവിതാ സമാഹാരം, 'നിഴല്‍ച്ചിത്രങ്ങള്‍' ബൂലോകത്തിനു പുറ്ത്ത് എങ്ങനെ സ്വീകരിക്കപ്പെട്ടു?
കേരളത്തില്‍ കാര്യമായ വില്പന ഞാന്‍ നോക്കിയിരുന്നില്ല എങ്കിലും അറിഞ്ഞിടത്തോളം അവിടെയും നല്ല പ്രതികരണം കിട്ടുന്നുണ്ട്‌ എങ്കിലും എന്നെ സന്തോഷിപ്പിക്കുന്നത് അമേരിക്കയിലെ ചില ആളുകള്‍ അത് വായിച്ചിട്ട് നല്ല അഭിപ്രായം പറയുനുണ്ട് . അമേരിക്കയില്‍ നൂറ് ബുക്ക്‌ വിറ്റാല്‍ എന്‍റെ മുതല്‍ കിട്ടും എന്ന കണക്ക് കൂട്ടലില്‍ ആയിരുന്നു പ്രിന്റിംഗ് ഞാന്‍ സമ്മതിച്ചത് .ഇപ്പോള്‍ തന്നെ ഇവിടെ ഏകദേശം മുന്നൂറു ബുക്സ് വിറ്റു എന്നത് എന്നെ സന്തോഷിപ്പിക്കുന്നു .കേരളത്തിലും പലസ്ഥലങ്ങളില്‍ ബുക്ക്‌ കിട്ടും . കുറെ ബുക്സ് ദുബായില്‍ ഉണ്ട് .അതിന്റെ കട്ടയും പടവും മടങ്ങി എന്നാണ് തോന്നുന്നത് .


# 'ചെകുത്താന്‍' പോലെയുള്ള ഒന്നാന്തരം കവിതകള്‍ എഴുതിയ താങ്കള്‍ എഴുതാനുള്ള അമിതത്വര മൂലം ആഴമില്ലാതെ പരന്നൊഴുകുന്ന പല പോസ്റ്റുകളിലേക്കു ഇടയ്ക്ക് ചെന്നു ചാടാറുണ്ടല്ലോ. കവിത എഴുതാനുള്ള ശേഷിയോട് ഗൗരവമില്ലാത്ത സമീപനവും ഉണ്ടാകാറുണ്ടോ
കവിത എന്ന് പറയുന്ന സാധനം സ്വിച്ചിട്ടാല്‍ വരില്ലല്ലോ . മനസിന്റെ അഗാതഗര്‍ത്തത്തില്‍ നിന്നും അനര്‍ഗളമായി ബഹിര്‍ സ്ഫൂരിക്കുന്ന ഏതാണ്ടൊക്കെ സാധനം എന്നൊക്കെയല്ലേ പറയുന്നത് ( എനിക്കങ്ങനെ തോന്നിയില്ല ) എങ്കിലും .ചെകുത്താന്‍ ഒന്നാം തരം ആയിരുന്നുവോ ? എന്‍റെ ഒരു ഗവിതകളും നന്നായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത് . എന്നോട് പലരും പറഞ്ഞതാണ് ബുക്ക്‌ ആക്കുന്ന സമയത്ത് അതൊക്കെ ഒന്നുകൂടി എഡിറ്റ്‌ ചെയ്യണം എന്ന് . പക്ഷേ ബ്ലോഗില്‍ ഉണ്ടായിരുന്നത് പോലെതന്നെയാണ് അത് പ്രിന്റ്‌ ചെയ്തത് .

# ബ്ലോഗര്‍മാരുമായി ഇടയ്ക്ക് ഉണ്ടാവാറുള്ള സംഘര്‍ഷം ആസ്വദിക്കുകയാണോ, അതോ അത് ആവശ്യമെന്ന് വ്യക്തിപരമായ വീക്ഷണമുണ്ടോ?

ഇതിന്റെ ഉത്തരം മുകളില്‍ പറഞ്ഞിട്ടുണ്ട് . എങ്കിലും പറയട്ടെ , അവര്‍ക്കെന്നോട് എന്തോ അടങ്ങാത്ത കലിയുണ്ട് .അത് തീരുമ്പോള്‍ എല്ലാം ശാന്തമാകും . അതുവരെ ഇങ്ങനെ പോകട്ടെ . എന്നോട് ദേഷ്യപ്പെട്ടിരിക്കുന്ന ചിലരോടെങ്കിലും എനിക്കിപ്പോഴും സ്നേഹമുണ്ട് .പിന്നെ ഈ ബ്ലോഗിലെ ഇടികള്‍ കാണുന്നതും ഒരു രസമല്ലേ ?


# മലയാള ബ്ലോഗ് പോസ്റ്റുകളില്‍ നടന്നിരുന്ന ഗൗരവമേറിയ, ഗുണകരമായ കമന്‍റ്-ആശയ യുദ്ധങ്ങള്‍ ഇന്ന് നിലച്ചുപോയിരിക്കുന്നു, അല്ലെങ്കില്‍ ചുരുങ്ങിയിരിക്കുന്നു. എന്ത് തോന്നുന്നു?

ഗൌരവമേറിയ ചര്‍ച്ചകള്‍ പലയിടത്തും നടക്കുന്നുണ്ട് . പക്ഷേ ഇപ്പോള്‍ ആര്‍ക്കും യുദ്ധം ചെയ്യാന്‍ താല്പര്യമില്ല കാരണം ഒന്നുകില്‍ അവരെ കൂട്ടമായി ആക്രമിക്കുക ,അല്ലെങ്കില്‍ ഒറ്റപ്പെടുത്തുക ഇതൊക്കെയാണ് ഇപ്പോള്‍ . സിയാബ്‌ പ്രശനത്തില്‍ തന്നെ , വളരെ ലഘുവായി പരിഹരിക്കാമായിരുന്ന ഒരു പ്രശ്നത്തെ ,ആളുകളെ കൂട്ടി ഒരുത്തനെ ആക്രമിക്കുക . പിന്നീട് അതിനെ ന്യായികരിക്കുക . നിരന്തരം അവന്റെ ഓഫീസില്‍ വിളിച്ചു അവന്റെ ജോലി കളയിച്ചു . ഇതാണോ സിറ്റിസണ്‍ ജേര്‍ണലിസം ? ഞാന്‍ അതിനെ സംബന്ധിച്ചു എഴുതിയാല്‍ അത് ധാന്യം കൂട്ടുവാനോ , എന്‍റെ ബ്ലോഗില്‍ ആളിനെ കൂട്ടുവാനോ ഉള്ള ശ്രമമായി വ്യാഖ്യാനിക്കുക . ഇതിലും വലിയ എത്രയോ പ്രശങ്ങള്‍ എന്‍റെ ബ്ലോഗില്‍ നടന്നിരിക്കുന്നു .ഈ അടുത്ത സമയത്താണ് ധാന്യം അളക്കുന്ന യന്ത്രം എന്‍റെ ബ്ലോഗില്‍ സ്ഥാപിച്ചത് . ചുരുക്കത്തില്‍ ഈവക കാര്യങ്ങലില്‍ മറ്റുള്ളവര്‍ ഇടപെടരുത്‌ . അവര്‍ക്ക് എന്തുമാകാം എന്ന തോന്നലുകള്‍ .ഇതിനെ എനിക്ക് ന്യായികരിക്കാന്‍ കഴിയില്ല . ഒരുത്തനെ നടുറോഡില്‍ വസ്ത്രാക്ഷേപം ചെയ്‌താല്‍ ആരും ചോദിക്കരുത്‌ എന്ന് വന്നാല്‍ എന്താണ് സ്ഥിതി . ഏറ്റവും കൂടുതല്‍ അനോനിക്കുഞ്ഞുങ്ങള്‍ ജന്മം കൊണ്ടത് ആ സമയതാകണം . അവര്‍ പറയുന്നത് സത്യമാണെങ്കില്‍ ഈ അനോണിക്കളിയുടെ ആവശ്യമുണ്ടോ ?

# ബ്ലോഗ് ഒരു കൂട്ടായ്മയും സ്നേഹത്തിന്‍റെ അദൃശ്യധാരയുമാണ് എന്ന ചിന്താഗതി ബ്ലോഗിനു പ്രായമാവും മുന്‍പ് തന്നെ മായുന്നുവോ?

ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് ഇത് ശരിയാണ് എന്ന് തോന്നുന്നു .


# ഗ്രൂപ്പ് ബ്ലോഗുകളിലെ സമവാക്യങ്ങള് ഉലയുന്നതിനാലാണ് ഇന്ന് ഗ്രൂപ്പ് ബ്ലോഗുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതെന്ന് പറയാമോ?

ഗ്രൂപ്പ്‌ ബ്ലോഗിലെ സമവാക്യങ്ങള്‍ ഉലയുന്നത് അടുത്ത സമയത്ത് നാം കണ്ടതാണല്ലോ . അതിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ താല്പര്യമില്ല .


# തൊടുപുഴ ബ്ലോഗ് മീറ്റ്, ചെറായി ബ്ലോഗേഴ്സ് മീറ്റ് - കാപ്പിലാന്‍ വ്യത്യസ്തമായി വീക്ഷിക്കപ്പെട്ട രണ്ട് സമീപകാല സംഭവങ്ങള്‍ - സൗഹൃദങ്ങള്‍ വാനോളം ഉയരുകയും പിന്നീട് വാങ്ങിപ്പോവുകയും ചെയ്ത രണ്ട് ദിശകള്‍ - ഒരു സ്വതന്ത്ര ദൃഷ്ടിയിലൂടെ നോക്കുമ്പോള്‍ എന്ത് തോന്നുന്നു, കാപ്പിലാന്‍?

ഞാന്‍ നേരത്തെ പറഞ്ഞിരുന്നുവല്ലോ , ആരൊക്കെയോ ഇടയ്ക്കു നിന്ന് അതിശക്തമായി കരുക്കള്‍ നീക്കി .അവര്‍ക്ക് കാത്ത് കാത്തിരുന്ന ഒരവസരമായിരുന്നു അത് . പക്ഷേ അവയ്ക്കൊന്നും എന്നെ തളര്തുവാന്‍ കഴിവില്ല എന്ന് തന്നെ പറയാം

# ബ്ലോഗില്‍ 'പത്രങ്ങള്‍' പ്രവര്‍ത്തിച്ചു തുടങ്ങിയ കാലം കൂടെയായിരുന്നുവല്ലോ അത്. പത്രങ്ങളെ ചുറ്റിപ്പറ്റി ഉയര്‍ന്ന തീപുകയലുകളിലും കാപ്പിലാന്‍ പ്രതിബിംബിച്ചു?

ബ്ലോഗില്‍ ഒരു പത്രം വേണം എന്ന ആശയം ആദ്യമായി രാമചന്ദ്രന്‍ എന്നോട് പറയുമ്പോള്‍ , അതിന് ബ്ലോത്രം എന്ന പേര് നല്‍കിയത് രാമചന്ദ്രന്‍ മറക്കാന്‍ ഇടയില്ല . വാര്‍ത്തകള്‍ എന്ത് കൊടുക്കും എന്ന് ചോദിച്ചപ്പോള്‍ നമ്മള്‍ വാര്‍ത്തകള്‍ ഉണ്ടാക്കും എന്നും പറഞ്ഞിരുന്നു . ചെറായി മീറ്റില്‍ ഞാന്‍ പോസ്റ്റുകള്‍ ഇട്ടപ്പോള്‍ ,അത് രാമചന്ദ്രന്‍ പത്രത്തില്‍ കൊടുത്തിരുന്നു എന്നത് ശരിയാണ് .പക്ഷേ ഒരിക്കലും ബ്ലോത്രം എന്ന പത്രം ചെറായി മീറ്റിന് എതിരായിരുന്നില്ല .ഞാന്‍ ബ്ലോത്രത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതായിരുന്നു ആദ്യം .പിന്നീട് ബൂലോകം ഓണ്‍ലൈന്‍ എന്റെത്‌ എന്ന അവകാശമായിരുന്നു പിന്നത്തെ വിവാദം . ഇപ്പോള്‍ സിയാബും .


# ക്ഷോഭങ്ങള്‍ക്കപ്പുറം ശാന്തമായ ഒന്ന് അവശേഷിക്കുന്നില്ലേ? വീണ്ടും ഗ്രൂപ്പ് ബ്ലോഗുകള്‍ പുനരുജ്ജീവിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നവരോട് എന്ത് പറയുന്നു?
നല്ല കാര്യം . പൊതുവായ ആശയങ്ങള്‍ ഉണ്ടാകുന്നത് നല്ലതാണ് . ഞാന്‍ തല്‍ക്കാലം ഒന്നും പുനര്‍ജ്ജീവിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല . ആവശ്യക്കാര്‍ക്ക് വേണമെങ്കില്‍ അതില്‍ എഴുതാം ( വേണമെങ്കില്‍ മാത്രം ). എനിക്കിപ്പോള്‍ ഗ്രൂപ്പ്‌ ബ്ലോഗിനോട് താല്പര്യം ഇല്ല കാരണം അതിന്റെ വിശ്വാസം എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു . എല്ലാവരും സ്വന്തം കാലില്‍ നിന്ന് പഠിക്കുക .


# എല്ലാറ്റിലുമെന്ന പോലെ മറവികളും വിട്ടുകൊടുക്കലുകളും ഒത്തുചേരലുകളും ബ്ലോഗിലും സാധ്യമല്ലേ? സത്യത്തില്‍ രഹസ്യമായി എല്ലാ ബ്ലോഗര്‍മാരും പരസ്പരം ഇഷ്ടപ്പെടുന്നു എന്നതല്ലേ മലയാളബ്ലോഗിന്‍റെ തന്നെ രഹസ്യം?

എല്ലാവരും എല്ലാവരെയും ഇഷ്ടപ്പെടുന്നു . ഈ പാര പണികള്‍, കുതികാല്‍ വെട്ട്‌ എന്നിവ നിര്‍ത്തിയാല്‍ തന്നെ പകുതി ആശ്വാസം .


# ഭാവി പരിപാടികള്‍ ?

ഏകദേശം ഒരു വര്‍ഷത്തിനു മുന്‍പേ ഷാപ്പന്നൂര്‍ കേന്ദ്രമാക്കി ,അതിലെ കഥകളും കഥാപാത്രങ്ങളും കൊര്ത്തിനക്കിക്കൊണ്ട്‌ ഒരു ടെലി ഫിലിം ചെയ്യണം എന്നൊരു ആഗ്രഹം ഡോക്ടര്‍ ജെയിംസ്‌ പ്രകടിപ്പിച്ചിരുന്നു . അതിന്റെ തിരക്കഥ ഇപ്പോള്‍ ജെയിംസ്‌ എഴുതുകയാണ് .അതിന്റെ ക്ലൈമാക്സ്‌ എങ്ങനെ ആകണം എന്നൊരു രൂപവും ഇല്ലായിരുന്നു .പക്ഷേ ഇപ്പോള്‍ ബ്ലോഗില്‍ നടക്കുന്ന നാടകങ്ങള്‍ അതിന്റെ ക്ലൈമാക്സ്‌ ആയി തീരും .അങ്ങനെ തീര്‍ക്കണം എന്നാണ് ആഗ്രഹം .മറ്റ് പരിപാടികള്‍ ഒന്നും തല്‍ക്കാലം ഇല്ല .

http://kaappilan.blogspot.com/

Read more...

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP