പല്ലശ്ശനയുടെ വഴികളില്‍

Friday, October 16, 2009

പല്ലശ്ശനയുടെ വഴികളില്‍




പാലക്കാട്ടു നിന്നും മുംബൈ നെരുളിലേക്കു നീളുന്ന ജീവിതം. സന്തോഷ് പല്ലശ്ശന. യുവ കവി. മലയാളം ബ്ളോഗ്ഗര്‍. പല്ലശ്ശന വി..എം. ഹൈസ്കൂളില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പ്രൈവറ്റ് ആയി ബിരുദം.. ഇന്‍റര്‍ കണക്ടഡ് സ്റ്റോക്ക് എക്സ്സ്‌ ചേഞ്ച്‌ ഓഫ് ഇന്ഡ്യ ലിമിറ്റഡില്‍ അസിസ്റ്റന്‍റ്‌ മാനേജര്‍ ഭാര്യ ദിവ്യ സ്കൂള്‍ ടീച്ചര്‍. മുംബൈ നെരൂളില്‍ താമസിക്കുന്നു. മുംബൈ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിലുള്ള വി.ടി. ഗോപാലകൃഷ്ണന്‍ പുരസ്കാരം 2007-ല്‍ ലഭിച്ചു. “സന്തോഷ് പല്ലശ്ശന”, “തിരമൊഴികള്‍എന്നിവയാണു ബ്ളോഗ്ഗുകള്‍.



പല്ലശ്ശന എന്നത്?

ചുറ്റും പച്ച പുതച്ച കുന്നും മലകളും കൊണ്ട് ചുറ്റപ്പെട്ട ഒരു ഉള്‍നാടന്‍ പാലക്കാടന്‍ ഗ്രാമം. കണ്യാര്‍ കളിയുടെ തറവാട്‌, പേരെടുത്ത മേളക്കാരുടെ ജന്മ നാട്‌, അതിലൊക്കെയപ്പുറം മീന്‍കുളത്തി ഭഗവതിയുടെ സ്വന്തം ഊര്...



വ്യക്തി ജീവിതത്തിലേക്ക് എത്തിനോക്കുമ്പോള്‍?

ഒരു എത്തും പിടിയും കിട്ടുന്നില്ല എങ്ങിനെയൊക്കെയൊ ഇതുവരെയെത്തി. ഒരു വ്യക്തി അവനില്‍ നടത്തുന്ന ആന്തരികയാത്രകളും അവന്റെ ആത്മസംവാദങ്ങളുമാണ് ഒരു പരിധിവരെ അവനെ ധിഷണാ ശാലിയാക്കുന്നത്. പക്ഷെ എന്‍റേ ജീവിതത്തിന്റെ നല്ലൊരു ഭാഗം ഞാന്‍ വില കുറഞ്ഞ ദിവാ സ്വപ്നങ്ങള്‍ കണ്ടു തീര്‍ത്തു. വ്യക്തി ജീവിതത്തിലെ ആഴക്കുറവും അപക്വതയും ധിഷണാശാലിയായ ഒരു വായനക്കാരന് എന്‍റെ വരികളില്‍ നിന്ന് എളുപ്പം വായിച്ചെടുക്കാനാവും. എല്ലാം സത്യത്തില്‍ ഒരു ജാഢയാണ്.... ബിംബങ്ങള്‍ പൊളിച്ചടുക്കി പൊളിച്ചടുക്കി ഞാനെത്രകാലം ഇങ്ങിനെ "കവി" ചമയും…...!! അറിയില്ല. പ്രിയപ്പെട്ട വായനക്കാരാ... പൊറുക്കരുത് ഈ പാപിയോട്.



മുംബൈ ജീവിതത്തെക്കുറിച്ച്?

മുംബൈ ആര്‍ക്കും പിടികൊടുക്കാത്ത ഒരു അജ്ഞാത സ്ത്രീയാണ്...ചുരന്ന മുലപ്പാലും വിടന്‍മാരുടെ രേതസ്സും കുഴഞ്ഞു മറിഞ്ഞ ഈ തെരുവുകള്‍ എന്‍റെ നോട്ടത്തെ മലര്‍ത്തിയടിക്കുന്ന കാഴ്ച്ചകളുടെ വന്‍തിരകളാണ്‌. ഇവിടുത്തെ പ്രശസ്ത യുവകവി ശ്രീ ടി. കെ. മുരളീധരന്റെ വാക്ക് കടമെടുത്താല്‍ ഒരു "പുകവീട്"....ഊതിയൂതി കറുത്തുപോയി ജീവിതം. തമ്പാക്കു തിന്നുതുപ്പി ചുവന്നു പോയ ഇരുതലപാമ്പുകളില് (മെട്രോ ട്രെയിന്) ജീവിതം ഷട്ടിലടിച്ചുകൊണ്ടിരിക്കുന്നു..... ചര്ച്ച് ഗേറ്റ് ടൂ.. വീരാര്...



കവിതകളിലേക്കുള്ള കാല്‌വെയ്പ്പ്‌?

വല്ലാത്ത ഒരു ചോദ്യമാണിത്. ചുരുക്കി പറഞ്ഞാല് "അറിയില്ല". ആരുടെയൊക്കെയൊ സ്വാധീനതില്‍ ശുദ്ധ അനുകരണങ്ങള്‍ ഒത്തിരിയെഴുതി. മടുത്തപ്പോള്‍ ഒരിക്കല് എഴുത്തു നിര്ത്തിയതാണ് പിന്നെ വീണ്ടും എന്നില്‍ കവിത കൊണ്ടു വന്നത് ഈ മുംബയ് ജീവിതത്തിന്റെ ഭ്രാന്തന് വേഗങ്ങളാണ് എന്നു പറഞ്ഞാല് ആരും വിശ്വസിക്കില്ല. മുംബൈ ജീവിതത്തില് ഞാന് സന്ധിക്കുന്ന എന്റെ ധൈഷണിക സങ്കീര്ണ്ണതകളെ അതിലംഘിക്കാനായിമാത്രം എഴുതുന്നു.. വായിക്കുന്നു



ബൂലോകത്തെത്താന്‍ കാരണം?

അങ്ങിനെ പ്രത്യേകിച്ച് കാരണമൊന്നുമില്ല. ബ്ളോഗ്ഗെഴുത്തു തുടങ്ങുന്നതിനു മുന്പുതന്നെ ഞാന് ഒരു വായനക്കാരനായി ബൂലോകത്ത് തന്നെയുണ്ടായിരുന്നു. മലയാളം ബ്ളോഗ്ഗിങ്ങിന്റെ "ഗുട്ടന്സ്" ചില നല്ല സുഹൃത്തുക്കളുടെ സഹായത്തോടെ മനസ്സിലാക്കിയതോടെ സജീവമായ ബ്ളോഗ്ഗിങ്ങിലേക്ക് വന്നു.



2009 ലാണു ബ്ലോഗില്‍ വരുന്നത്. വൈകിയെത്തിയെന്ന തോന്നലുണ്ടോ?

ഒട്ടും ഇല്ല.



വളരെപ്പെട്ടെന്നു ശ്രദ്ധിക്കപ്പെട്ട ബ്ലോഗര്‍. പ്രവാസ ചന്ദ്രികയിലും പല്ലശ്ശനയെക്കുറിച്ച് വായിച്ചിരുന്നു. അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്നു തോന്നിയിട്ടുണ്ടോ?

ഞാന് വളരെ ശ്രദ്ധിക്കപ്പെട്ടു എന്നു എനിക്കിതുവരെ തോന്നിയിട്ടില്ല. എന്നെക്കാള് നല്ല കവിതകള് എഴുതുകയും പരക്കെ ചര്ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന എത്രയോ നല്ല എഴുത്തുകാര് ഇന്ന് ബ്ളോഗ്ഗു രംഗത്ത് സജീവമായി ഉണ്ട്. പിന്നെ പ്രവാസ ചന്ദ്രികയില് എന്റെ കവിതയുടെ ഒരു റിവ്യൂ വന്നിരുന്നു അതിന്റെ സൂത്രധാരന് ശ്രീ ടി. എ. ശശിയേട്ടനാണ് (എരകപ്പുല്ല്) ആ നല്ല മനുഷ്യനാണ് എന്നെ പ്രവാസ ചന്ദ്രികയുടെ പ്രവര്ത്തകര്ക്ക് പരിചയപ്പെടുത്തിയത്. അല്ലാതെ എന്റെ കവിതയുടെ മഹത്വം കൊണ്ടല്ല അവര് റിവ്യു പ്രസിദ്ധീകരിച്ചത്. അംഗീകരിക്കപ്പെട്ടൊ ഇല്ലയൊ എന്നതിനെക്കുറിച്ച് ഞാന് ചിന്തിക്കാറില്ല. എഴുത്തില് മത്രമാണ് എന്റെ ശ്രദ്ധ. കാരണം എഴുതാതിരിക്കാനാവുന്നില്ല അതുകൊണ്ടുമാത്രമാണ് എഴുതുന്നത് ആരംഗീകരിച്ചാലും ഇല്ലെങ്കിലും എനിക്ക് ഈ എഴുത്തു നിര്ത്താനാവില്ല. പക്ഷെ എനിക്ക് മുംബയില് അര്ഹിക്കുന്നതില് കൂടുതല് അംഗീകാരം കിട്ടിയിട്ടുണ്ട് എന്നു തോന്നുന്നു. 2007-ല് മുബൈ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിലുള്ള ഒന്പതാമത് വി. ടി. ഗോപാലകൃഷ്ണന് പുരസ്കാരം സാഹിത്യവേദിയില് അവതരിപ്പിക്കപ്പെട്ട കവിതകള്ക്ക് ലഭിച്ചിരിന്നു. എന്നെപ്പോലുള്ള അപക്വമതിയായ ഒരു യുവകവിക്ക് കിട്ടരുതാത്ത ഒരു അംഗീകാരമായിരുന്നു അത്. ആവാര്ഡല്ലെ..തന്നപ്പൊ വാങ്ങിച്ചു അത്രതന്നെ. പ്രശസ്ത നിരൂപകനും ഭാഭാ ആറ്റോമിക് റിസേര്ച്ച് സെന്ററിലെ ശാസ്ത്രജ്ഞനുമായിരുന്ന ശ്രീ വി. ടി. ഗോപാലകൃഷ്ണന്റെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ കുടുംബാഗങ്ങള് നല്കിവരുന്നതാണ് ഈ പുരസ്കാരം.



ശോകവും വിമര്‍ശനവും കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നു?

ഞാന് വര്ഷത്തില് വളരെ കുറച്ചു കവിതകളെ എഴുതാറുള്ളു അതുകൊണ്ടുതന്നെ ഞാന് ബ്ളോഗ്ഗെഴുത്തിന് അനുയോജ്യനല്ല കാരണം നിശ്ചിതമായ ഇടവേളകളില് കവിതകള് പോസ്റ്റു ചെയ്യാന് എനിക്കു സാധിക്കാറില്ല. കുറച്ചുമാത്രം എഴുതുന്നതു കൊണ്ടാവാം എന്റെ കവിതകളില് ചോദ്യത്തില് പരാമര്ശിച്ചപോലെ ഒരു സ്ഥായിഭാവമുള്ളതായി തോന്നുന്നില്ല. എന്നാല് സാമുഹ്യ വിമര്ശനം ഒരു പൊതു സ്വഭാവമായി കൂടുതല് കവിതകളിലും കാണപ്പെടുന്നതായി പലരും പറഞ്ഞിട്ടുണ്ട്.



ദൈവമക്കള്‍- എനിക്ക് തോന്നുന്നത് നിങ്ങളുടെ ഏറ്റവും മികച്ച കവിത എന്നാണു. അതിനെക്കുറിച്ച്?

ദൈവമക്കള് ഏറെ ചര്ച്ച ചെയ്യപ്പെട്ട ഒരു കവിതയാണ് എങ്കിലും എന്റെ മറ്റു കവിതകള്ക്കുള്ള പരാധീനതകള്‍ ആ കവിതയ്ക്കും ഉണ്ട്. ശ്രീ ടി. പി. വിനോദ് (ലാപുട) ആ വരികളില് ഞാന് അശ്രദ്ധമായി പ്രയോഗിച്ച വാക്കുകള് വരുത്തിയ അനാവശ്യ സ്ഥൂലതയെക്കുറിച്ച്‌ വസ്തു നിഷ്ഠമായ വിമര്ശനം എന്നെ അറിയിച്ചിരുന്നു. വളരെ വലിയ ഒരു അംഗീകാരമായാണ് ഞാനതിനെ കാണുന്നത്. ഈ തുറന്ന വിമര്ശനങ്ങളും സൌഹൃദങ്ങളുമാണ് ഒരു കവിമനസ്സിനെ നല്ല കവിതകള്ക്കായി ജാഗ്രത്താക്കുന്നത്.



തിരമൊഴികള്‍?

പുതിയ പുസ്തകങ്ങള് വായിക്കുകയും വായിച്ച പുസ്തകങ്ങളെക്കുറിച്ച് എന്തെങ്കിലും എഴുതുകയും ചെയ്യുന്നത് എന്റെ ഒരു ശീലമായിരുന്നു. ഇത്തരത്തില് ഞാനെഴുതുന്ന കുറിപ്പുകള്ക്കായാണ് "തിരമൊഴികള്" എന്ന ബ്ളോഗ്ഗ് തുടങ്ങിയത് പക്ഷെ സമയക്കുറവുകൊണ്ട് പലപ്പോഴായി എഴുതിയ ചെറു കുറിപ്പുകളല്ലാതെ കൂടുതലായൊന്നും പോസ്റ്റിയിട്ടില്ല. സമാന്യം നീളമുള്ള മാറ്ററുകള് ടൈപ്പുചെയ്തെടുക്കാനുള്ള മടിയാണ് പ്രധാന കാരണം. "തിരമൊഴികളില്‍" കൂടുതല്‍ സജീവമാകാന്‍ ആഗ്രഹമുണ്ട്‌.



രാഷ്‌ട്രീയ നിലപാടുകള്‍?

ഞാന് ഒരു അരാഷ്‌ട്രീയ വാദിയല്ല. എനിക്ക് വ്യക്തമായ ഒരു രാഷ്‌ട്രീയമുണ്ട്‌. ചൂഷണം ചെയ്യപ്പെടുന്നവന്റെ - വിശപ്പിന്റെ ഒരു രാഷ്‌ട്രീയമുണ്ടല്ലൊ; പ്രത്യേയ ശാസ്ത്രങ്ങള്ക്കതീതമായ ഒരെഴുത്തുകാരന്റെ രാഷ്‌ട്രീയം; അതു തന്നെയാണ് എന്റേയും രാഷ്‌ട്രീയം.



പ്രിയപ്പെട്ടബ്ലോഗെഴുത്തുകാരെക്കുറിച്ച്?

ഒരുപാടുപേരുണ്ട്....ഒന്നൊരണ്ടോ പേരുകളില് ഒതുക്കാനാവുന്നതല്ല അത്.



പ്രിന്റ് മീഡിയയില്‍ സജീവമാകുമോ?

നീണ്ട ഇടവേളകളില് ചില മുഖ്യധാരാ മാധ്യമങ്ങളില് ചില സൃഷ്ടികള് വന്നിട്ടുണ്ടെന്നല്ലാതെ പ്രിന്റ് മീഡിയയില് ഞാന് ഒരിക്കലും സജീവമായിരുന്നില്ല. പണ്ട് മാതൃഭൂമിയിലേക്ക് അയച്ച കവിതകള് അയച്ചതിന്റെ ഡബിള് സ്പീഡില് തിരിച്ചെത്തിയിരുന്നു. അന്ന് കേരളത്തില് തുഛ്ച്ചവരുമാനത്തിന് ജോലി ചെയ്തിരുന്ന എനിക്ക് മടക്കതപാലടക്കം പത്തു രൂപ വലിയ സാമ്പത്തിക ബാധ്യതയായിരുന്നു. അയച്ചു മടുത്തപ്പോള് ആ പരിപാടി നിര്ത്തി. ഇപ്പോള് അധികം എവിടേക്കും അയക്കാറില്ല. കലാകൌമുദി പോലുള്ള മുഖ്യധാര പ്രസിദ്ധീകരണങ്ങളിലും വര്ഷന്തോറും പ്രസിദ്ധീകരിക്കുന്ന മുബൈ കവിതാസമിതിയുടെ "നഗരകവിത" സമാഹാരത്തിലും, പല മുബൈ പ്രസിദ്ധീകരണങ്ങളിലും കവിതകള് പ്രസിദ്ധീകരിച്ചു വന്നതൊഴിച്ചാല് പ്രിന്റ് മാധ്യമങ്ങള്ക്ക് ഞാന് അനഭിമതനാണ്. കവിത കൊള്ളാത്തതാവാം കാരണം.


ബൂലോക സൌഹൃദങ്ങള്‍?

ഒരുപാടൊരുപാട് സൌഹൃദങ്ങള് ബൂലോകത്തു വന്നതിനുശേഷം എനിക്കുണ്ടായി. പലരും പേരുമാറ്റി ചാറ്റുന്നവന്റെ നേരമ്പോക്കുകള് കളഞ്ഞ് ഊഷ്മളമായ സ്നേഹബന്ധങ്ങളിലേക്ക് വളര്ന്നു വന്നു.



ബൂലോകത്തെ രചനകളെ എങ്ങിനെ വിലയിരുത്തുന്നു?

മലയാള സാഹിത്യ ലോകത്തിന് ഇനിയും സ്വന്തപ്പെട്ടിട്ടില്ലാത്ത എഴുത്താണ് മലയാളം ബ്ളോഗ്ഗെഴുത്ത് എന്നെനിക്കു തോന്നുന്നു. ഭാഷയുടെ സുഗന്ധം ചുരത്തുന്ന എഴുത്തായി മലയാളം ബ്ളോഗ്ഗെഴുത്ത് മാറേണ്ടതുണ്ട്. പുതിയ കാലത്തിലെ അതി നൂതനമായ ഒരു മാധ്യമം എന്ന നിലക്ക് വേഗതയേറിയ ഈ പുതു ജീവിതത്തിന്റെ എല്ലാ ന്യൂനതയും ബ്ളോഗ്ഗിനുമുണ്ട്. വളരെ ചുരുക്കം ചിലര് മാത്രമെ ബ്ളോഗ്ഗെഴുത്തിനെ ഗൌരവമായി സമീപിക്കുന്നുള്ളു. അതില് ചുരുക്കം പേര് മാത്രമെ ശ്രദ്ധിക്കപ്പെടുന്നുള്ളു. പലര്ക്കും അനാവശ്യ വിവാദങ്ങളിലും വിലകുറഞ്ഞ അപവാദ പ്രചരണങ്ങളിലും മാത്രമാണ് ശ്രദ്ധ. ഊരും പേരുമില്ലാതെ ലോകത്തിന്റെ ഏതോ ഒരു കോണിലിരുന്ന് ബ്ളോഗ്ഗുന്നവരില് ചിലര്ക്ക് തന്റെ ആത്മാവിന്റെ ഉള്വിളികളുടെ ആര്ദ്രസ്വരങ്ങള് നിക്ഷേപിക്കാനും ആശ്വസിക്കാനുമുള്ള ഒരിടമാണ്. മറ്റു ചിലര്ക്ക് അത് ആരും കാണാതെ ചുമരിലെ പായലില് വരച്ചു വയ്ക്കുന്ന കക്കൂസ് ചുമര് സാഹിത്യമാണ്..... ഈ ദ്വന്ദ്വങ്ങള് ഏതു മേഖലയിലും കാണാനാവും. മലയാള സാഹീതീയ ജീവിതത്തിന്റെ താങ്ങും തണലുമായി ആത്മാവില് കവിതമുറ്റിയ ഞാനടക്കമുള്ള എന്റെ സഹോദരങ്ങള്ക്ക് ഒരഭയസ്ഥാനമായി... ആത്മാവിന്റെ തുറന്ന പുസ്തകമായി ബ്ളോഗ്ഗിനെ മാറ്റിയെടുക്കേണ്ടതുണ്ട്.



ബൂലോകത്തോട് എന്താണു പറയുവാനുള്ളത്?

ബ്ളോഗ്ഗിന് പ്രിന്റു മാധ്യമങ്ങളെ പോലെ സ്വന്തമായി ഒരു വായനാ സമൂഹം ഇല്ല. ബ്ളോഗ്ഗ്‌ എഴുതുന്നവര്‍ തന്നെയാണ്‌ വായനക്കാരും - പരസ്പരം വിമര്ശിച്ചും അഭിനന്ദിച്ചും നമ്മള് മുന്നോട്ടു പോകുന്നു. എഴുത്തിലും വായനയിലും മാത്രമായിരിക്കട്ടെ നമ്മുടെ ശ്രദ്ധ പുതിയ എഴുത്തുകാര് അനാവശ്യ വിവാദങ്ങളുടെ തോറ്റം പാടാതിരിക്കുക. സൌഹൃദങ്ങള് ഊട്ടിയുറപ്പിക്കുക. പരസ്പരം ചെളിവാരിയെറിയുന്ന കേരളത്തിലെ സാസ്കാരിക നായകന്മാര്ക്ക്മുന്‍പില്‍ കറയറ്റ ഒരു ബ്ളോഗ്ഗ് സംസ്കാരം മാതൃകയായി വയ്ക്കാന് നമ്മുക്കാവണം. ഒരൊ വായനക്കാരന്റെയും ധിഷണാജീവിതം നിലനിര്ത്തുന്നതിനുള്ള മുലപ്പാലായി ബ്ളോഗ്ഗിലെ രചനകള് വര്ത്തിക്കണം.


www.santhoshpallassana.blogspot.com
www.thiramozhikal.blogspot.com

------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

-അഭിമുഖം നടത്തിയത്, അരുണ്‍ ചുള്ളിക്കല്‍.




4 comments:

t.a.sasi said...

സന്തോഷ് ഞാനല്ല താങ്കളുടെ ബ്ലോഗ്
പ്രവാസചന്ദ്രികക്ക് പരിചയപ്പെടുത്തിയത്‌.
സംഗതി നല്ല വര്‍ത്തമാനമാണെങ്കിലും
ഇതു ചെയ്തത് ഞാനല്ല പഹയാ.

കണ്ണനുണ്ണി said...

സന്തോഷേട്ടാ..ആശംസകള്‍

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP